
ടാ... മോനാ
ശവപ്പെട്ടിയിലെ പൂക്കളുടെ നടുവിൽ കിടന്നാണ് മോഹനൻ പള്ളിയിലേക്ക് പോകുന്നതെന്നു വിശ്വസിക്കാൻ കഴിഞ്ഞില്ല. തലേന്നു രാത്രി ബ്യൂറോയിൽ ഡ്യൂട്ടിക്കിടെ അവൻ്റെ ചരമ വാർത്തയും സൈഡ് സ്റ്റോറിയും ടൈപ്പ് ചെയ്യുമ്പോൾ, അത് മോഹനനെ കുറിച്ചു അല്ലെന്നാണ് ഞാൻ വിചാരിച്ചത്. ഇടയ്ക്കെപ്പോഴോ അവൻ ചോദിച്ച പോലെ തോന്നി: ടാ...നീ എന്നാടാ ഈ എഴുതി പിടിപ്പിക്കുന്നത്? ഞാൻ ഒന്നു ഞെട്ടി.
പുലർച്ചെ ആദ്യത്തെ എഡിഷൻ പ്രിൻ്റു ചെയ്‌തു വന്നപ്പോൾ വായിച്ചു. അപ്പോഴും തോന്നി ഇത് അവനെക്കുറിച്ച് എഴുതിയ ചരമ വാർത്ത ആയിരിക്കരുതേയെന്ന് ... എഴുതിക്കൊടുത്ത കുറെ ഭാഗം എഡിറ്റ് ചെയ്‌തു പോയെങ്കിലും അത്രയും വന്നല്ലോ എന്നോർത്തു ആശ്വസിച്ചു. വീട്ടിൽ അവനെ ഒരുക്കി കിടത്തിയിരിക്കുന്നു. അവൻ കരുതി വച്ച ഒരു ജുബ്ബിയിൽ സുന്ദരനായി ഉറങ്ങുന്നു. രാജ്ഭവനിൽ നിന്നിറങ്ങി. അവൻ ആംബുലൻസിലായിരുന്നു. അവിടെ എഴുതിയിരിക്കുന്നു ഇന്നു ഞാൻ നാളെ നീ... മുത്തുക്കുടകളും, മരക്കുരിശും, വെള്ളിക്കുരിശും, മെഴുകുതിരിക്കാലുകളും വഹിച്ച് ദർശന സമൂഹം നിരന്നു. പള്ളീലച്ചനും ഗായകനും മോഹനൻ്റെ മുന്നിൽ. വലിയ ജനക്കൂട്ടമായിരുന്നു. എല്ലാവരും വിലാപയാത്രയിൽ ചേർന്നു. പള്ളിയിലും പിന്നീട് സെമിത്തേരിയിലും അവനെ കിടത്തി. ഒടുവിൽ കുഴിമാടത്തിൽ മണ്ണിട്ടു നിരത്തി. ചുവന്ന പൂക്കൾ ഇട്ടപ്പോൾ കുഴിമാടത്തിൽ നിന്നു മാറി വീണ ഇതളുകൾ എല്ലാം കുസുമം പെറുക്കിയെടുത്തു മോഹനന് നൽകി...അവനെ വേദനിപ്പിക്കാതെ ആ പൂക്കൾ വയ്ക്കുന്നതും പതിവുപോലെ എൻ്റെ മോനേ... എന്നു വിളിക്കുന്നതും എല്ലാവരെയും കരയിച്ചു. രാജ്മോനെ ആശ്വസിപ്പിക്കാൻ ശ്രമിച്ച സുരേഷ് വാവിട്ടു കരഞ്ഞു. അവരെ സമാശ്വസിപ്പിക്കാനെത്തിയ സജിത്തും ബിജുവും അതിനേക്കാൾ നിയന്ത്രണം വിട്ട കരച്ചിൽ. നാലുപേരും കെട്ടിപ്പിടിച്ചു കരയുന്നത് മോഹനനെ കരയിപ്പിച്ചിട്ടുണ്ടോ...അവൻ കരയുന്ന ആളായിരുന്നില്ലല്ലോ...പൂക്കൾ നിറഞ്ഞ കുഴിമാടത്തിനരുകിൽ മൂന്നുനാലു സ്ത്രീകൾ ഒപ്പീസ് ചൊല്ലി.
അറിയുന്നവരും അറിയാത്തവരുമായ നിരവധി ഫോട്ടോഗ്രഫർമാരും, മാധ്യമ പ്രവർത്തകരും, എല്ലാ മേഖലയിൽ നിന്നുമുള്ള മറ്റനേകം പേരാണ് മോഹനനെ കാണാനെത്തിയത്. എല്ലാവരും അവൻ്റെ ഉറ്റ ചങ്ങാതിമാരോ മിത്രങ്ങളോ ആയിരുന്നു. സാംസൻ ചെന്നൈയിൽ നിന്നും, വിഷ്‌ണു തിരുവനന്തപുരത്തു നിന്നും, അരുൺ ശ്രീധർ കൊച്ചിയിൽ നിന്നെത്തി. ഇതുപോലെ ഒത്തിരിപ്പേരെത്തി. ചെറുപ്പക്കാരും പ്രായംചെന്നവരുമായ ഫോട്ടോഗ്രാഫർമാർ ദുഃഖഭാരത്തോടെ നിൽക്കുന്ന കണ്ടു. എല്ലാവരും വീട്ടിലും പള്ളിയിലും വന്നു. നിസ്വാർഥ സ്നേഹമായിരുന്നു ഇതിലെല്ലാം നിറഞ്ഞു കണ്ടത്. ഒരു വൈദികന്റെ കാർമികത്വത്തിൽ എത്ര ലളിതവും പ്രൗഢവും ആയിരുന്നു സംസ്കാര ശുശ്രൂഷകൾ. എത്ര പറഞ്ഞാലും തീരാത്ത മോഹനനെ സംബന്ധിച്ചു ശുശ്രൂഷ നടത്തിയ അച്ചന് ഒന്നും പറയാനില്ലായിരുന്നു എന്നതായിരുന്നു ആ ശുശ്രൂഷയുടെ മഹത്വം. അച്ചനു അറിയാൻ പാടില്ലാത്ത കാര്യത്തെക്കുറിച്ച് മേനി പറയാൻ പാടില്ലല്ലോ. പൊങ്ങച്ചങ്ങൾ ഇല്ലാതെ, ആർഭാടങ്ങളില്ലാതെ, മതത്തിന്റെയും, സമുദായത്തിന്റെയും അവകാശങ്ങൾ ഇല്ലാതെ ദൈവ പുത്രനായി മോഹനൻ സെമിത്തേരിയിൽ ഉറങ്ങി. അവൻ്റെ മുന്നിൽ സ്വർഗം തുറക്കും. മാലാഖമാർ അവനെ കൊണ്ടുപോകും...
മോഹനൻ എനിക്ക് കൂട്ടുകാരനായത് 1985ൽ ആണ്. അക്കാലത്ത് യുവജ്യോതി (കെസിവൈഎം) ജനറൽ സെക്രട്ടറിയും കേരള ടൈംസ് പത്രത്തിന്റെ റിപ്പോർട്ടറും ആയിരുന്നു ഞാൻ. ഫോട്ടോ എടുക്കാൻ അക്കാലത്ത് ആശ്രയിച്ചിരുന്നത് ചർച്ച് റോഡിലെ നമ്പിയത്തുശേരി ജോർജുകുട്ടിച്ചായന്റെ പ്രതിഛായ സ്റ്റുഡിയോയിൽ ആയിരുന്നു. ഒരു ദിവസം ചെല്ലുമ്പോൾ ജുബ്ബായിട്ട എൻ്റെ പ്രായം തോന്നിക്കുന്ന മെലിഞ്ഞ ഒരാൾ അവിടെയിരുന്നു എൻലാർജ് ചെയ്തത ഒരു പടം ഫൈനൽ ടച്ച് ചെയ്യുന്നു. ജോർജച്ചായൻ പരിചയപ്പെടുത്തി: മോഹനൻ, ആർട്ടിസ്റ്റാണ്. ആ പരിചയം വളർന്നു. പ്രതിഛായ സ്റ്റുഡിയോ, മാതൃഭൂമി ഓഫിസ്, ജോയിച്ചായൻ്റെ (ജോയ് വർഗീസ്) വീട്, ബാലചന്ദ്രൻ സാറിൻ്റെ അക്ഷരശാല , ബോട്ട് ജെട്ടി, ബസ് സ്റ്റാൻഡ്, പുന്നമട, ചുങ്കം, പഴവീട്ടിലെ അവന്റെ വീട്, നെഹ്റു ട്രോഫി വള്ളംകളി, ചമ്പക്കുളം മൂലം വള്ളംകളി, മുല്ലയ്ക്കൽ ചിറപ്പ്, നഗരത്തിലെ എണ്ണമറ്റ പരിപാടികൾ എല്ലാം ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി. മോഹനനു കിട്ടിയ ഭാഗ്യമായിരുന്നു മൂത്ത ജ്യേഷ്‌ഠൻ ദാസേട്ടൻ. അദ്ദേഹം ചിത്രകലാധ്യാപകനായിരുന്നു. ദാസേട്ടൻ ആണ് മോഹനനെ പ്രതിഛായയിൽ കൊണ്ടുവന്നാക്കിയത്. മോഹനനു പല ശീലങ്ങളും സ്വന്തമായത് പ്രതിഛായയിൽ നിന്നായിരുന്നു. അതിലൊന്നാണ് മൂക്കുപ്പൊടി വലി. ജോർജച്ചായനും സഹോദരങ്ങളായ ജിമ്മിച്ചായും ജോസിച്ചായനും മൂക്കുപ്പൊടി വലിക്കുമായിരുന്നു. അങ്ങനെ കിട്ടിയ മൂക്കുപ്പൊടി വലി ഒടുവിൽ രണ്ടോ മൂന്നോ ഓപ്പറേഷനിൽ കലാശിക്കുകയും ചെയ്തു. ഒരു ദിവസം മൂക്കിൽ ചോര. ശ്വാസതടസ്സം. ജോയിച്ചായൻ തൊട്ടപ്പുറത്ത് ഡോ.ഷേണായ് സാറിനെ വിളിച്ചു പറഞ്ഞു. മോഹന്നെ കണ്ട മാത്രയിൽ മൂക്കുപ്പൊടി വലിയും, പുകവലിയും ഉണ്ടോ എന്നു ആംഗ്യഭാഷയിൽ ഡോക്ടർ ചോദിച്ചു. മോഹനൻ താഴോട്ട് നോക്കി നിന്നതേയുള്ളു. രാവിലെ മെഡിക്കൽ ആശുപത്രിയിലേക്ക് ചെല്ലാൻ പറഞ്ഞിട്ട് വിട്ടയച്ചു. ഒരാഴ്ച കഴിഞ്ഞിട്ട് സർജറി ഡോക്ടർ ഓപ്പറേഷൻ നടത്തി. മൂക്കിൻ്റെ ആ ബുദ്ധിമുട്ട് അവനെ പിന്തുടർന്നു.
ജ്യേഷ്‌ഠൻ ദാസേട്ടനിൽ നിന്നു മോഹനൻ പെയ്റ്റിങ് കലയിൽ വൈദഗ്‌ധ്യം നേടിയിരുന്നു. ഓയിൽ പെയ്ൻ്റിങ് വഴി അക്കാലത്ത് സ്റ്റുഡിയോക്കാർക്ക് നല്ല വരുമാനം ലഭിച്ചിരുന്നു. അങ്ങനെയുള്ള ചിത്രങ്ങൾ വരയ്ക്കാനും ഫൈനൽ ടച്ച് ചെയ്യാനും മറ്റുമായിരുന്നു പ്രതിഛായയിൽ മോഹനനെ എത്തിച്ചത്. പക്ഷേ വലിയ സ്വാതന്ത്ര്യം ഉണ്ടായിരുന്ന പ്രതിഛായ എന്ന സ്റ്റുഡിയോയുടെ അകത്തളത്തിലെ വീട്ടിനുള്ളിൽ മോഹനനും ഒരംഗമായി മാറി. ഒരു ദിവസം ക്യാമറ എടുത്ത് മോഹനൻ്റെ കയ്യിൽ ജോർജച്ചായൻ വച്ചുകൊടുത്തിട്ട് പറഞ്ഞു: പോയി പടമെടുത്തിട്ടു വരാൻ. ആ പോക്കായിരുന്നു അവൻ 40 വർഷക്കാലം ഏറ്റവും മികച്ച ഫോട്ടോഗ്രഫറായി ജീവിച്ചത്. പിന്നീട് 1987ൽ ഞാൻ ദീപികയിൽ റിപ്പോർട്ടറായി വന്നപ്പോൾ ഞങ്ങളുടെ അടുപ്പം കൂടുതൽ വളർന്നു. ഒടുവിൽ അവൻ വിളിച്ചത് 2025 സെപ്റ്റംബർ 28 ഞായർ രാത്രിയായിരുന്നു. ഞാൻ ചോദിച്ചു: " മോനാ എന്താടാ?" അവർ പറഞ്ഞു "ടാ...റോട്ടറി ക്ലബ്ബിൻ്റെ പടവും വാർത്തയും ഇന്നലെ അയച്ചത് വന്നിട്ടില്ല". പതിവു പറച്ചിലിനു പതിവു മറുപടി നൽകി: " ടാ...ഞാൻ കൊടുക്കാം, ഫോളോ അപ് ചെയ്യാം".
വിദ്യാരംഭം പ്രസ്സിനു വടക്കുവശം ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ്റെ കെട്ടിടത്തിലും, അതിനു മുൻപ് വഴിച്ചേരി മാർക്കറ്റിനു എതിർവശത്തും എനിക്കു ഒരു മുറി വാടകയ്ക്കുണ്ടായിരുന്നു. അപ്പോഴെല്ലാം മോഹനനും അവിടെ ഒരംഗമായിരുന്നു. മോഹനന് മോഹങ്ങളും മോഹ ഭംഗങ്ങളും ഇല്ലായിരുന്നു. ഒന്നിനോടും കലഹിക്കാതെ, ആരോടും പരിഭവമില്ലാതെ, ആരെയും ദ്രോഹിക്കാതെ, കാര്യങ്ങൾ തുറന്നു പറയുന്നതായിരുന്നു അവൻ്റെ സ്വഭാവം. ആരെയും ചെറുതായി അവൻ കണ്ടില്ല. ആരെയും വലുതായും കണ്ടില്ല. ഫോട്ടോ എടുക്കുന്ന ജോലിയിൽ മാത്രം അവൻ കലഹിച്ചു. നല്ല പടമെടുക്കാൻ എത്ര വലിയ നേതാവിനോടും, ഏത് വലിയ വ്യക്തിയോടും അവൻ നിർദേശം നൽകുമായിരുന്നു. മോഹനൻ എടുത്ത ഫോട്ടോകളും വരച്ച ചിത്രങ്ങളും കഥകളും ചരിത്രങ്ങളും പറയുന്നതാണ്.
ജോലി ചെയ്തു കിട്ടുന്നതു കൊണ്ടുമാത്രം ജീവിച്ച മോഹനൻ കുറെ കാലം കഴിഞ്ഞപ്പോൾ ഒരു ദിവസം പറഞ്ഞു: "ടാ...ഞാൻ കുസുമത്തെ വിവാഹം ചെയ്യാൻ പോകുന്നു". ഞാൻ ഞെട്ടിപ്പോയി. പ്രേമിക്കാൻ അറിയാത്ത മോഹനൻ എപ്പഴാ പ്രേമിച്ചത്. പിന്നീടാണറിഞ്ഞത്. പ്രേമം പൂത്തുലഞ്ഞത് പ്രതിഛായ എന്ന സ്നേഹക്കൂടാരത്തിൽ വച്ചായിരുന്നെന്നു. താമസിയാതെ വിവാഹം റജിസ്റ്റർ ചെയ്തു. കുറെക്കാലം വാടകയ്ക്കു താമസിച്ചു. കുസുമത്തിന്റെ വീട്ടുകാർ വന്നു വിളിച്ചപ്പോൾ പുന്നപ്രയിൽ പോയി. അവിടെ താമസം തുടങ്ങി. പള്ളിയിൽ ചേരാൻ പുന്നപ്രയിലെ താമസം കാരണമായി.
ജ്‌ഞാനസ്‌നാന മാതാപിതാക്കൾ പ്രതിഛായയിലെ ജോസിച്ചായനും ഭാര്യയുമായിരുന്നു. കത്തോലിക്കാ മതാചാരപ്രകാരം ജ്ഞാനസ്നാനം സ്വീകരിക്കുമ്പോൾ നാമകരണം ചെയ്യേണ്ടതാണെങ്കിലും മോഹനൻ്റെ കാര്യത്തിൽ പേര് മാറ്റം ഉണ്ടായില്ല. വേണ്ടെന്നു അന്നത്തെ വികാരി പറഞ്ഞു. അതിന് കാരണവും വികാരി വിശദീകരിച്ചു: മോഹനൻ അറിയപ്പെടുന്ന വ്യക്തിയല്ലേ; ആ പേര് മതി.
2025 ഒക്ടോബർ 2ന് ഉച്ചയോടെ അവൻ സ്വർഗത്തിൽ ഫോട്ടോ എടുക്കാൻ പോയി. എത്ര ഭാഗ്യവാൻ... കുസുമവും മക്കളും സഹോദരങ്ങളും മോഹനൻ്റെ സ്വർഗീയ പ്രഭയിൽ സംതൃപ്തരായി ജീവിക്കട്ടെ..
ടാ... മോനയുടെ സ്വന്തം ക്ലീറ്റസ് കളത്തിൽ

For more than four decades, one man became inseparable from the media landscape of Alappuzha. There could be hardly any political leader that others have not seen through his lens, or an event he had not covered. Short in stature but instantly recognisable with his long hair, he was never wealthy, but a millionaire when it came to friendships. That was Mohanan Parameswaran.
He never chased fame, although it was well within reach. He never sought money, nor demanded it for the work he did. What kept him going was the affection and goodwill of the people of Alappuzha from every social, cultural and political sphere of this coastal town. He never ran after the latest equipment. A basic camera was enough, and with it he helped many rise. Cutting across party lines, Mohanan Chetan was respected in political circles because he ensured every face got its share of visibility, a gesture that helped many gain coverage in not just one newspaper, but almost every edition that carried news from Alappuzha. Leaders like KC Venugopal will testify to this.
For reporters, not just in Deepika where he worked, but across publications, Mohanan Chetan was the first person to call for any photograph from Alappuzha. His pictures were never for one organisation alone, but for everyone, so that the event or individual received the widest possible coverage.
For newcomers to photography, he was an enthusiastic mentor, often more eager than they themselves to guide and teach them.
His long jubba, self-trimmed tresses, trademark handlebar moustache, the cycle later replaced by an electric scooter, the camera always on his shoulder, and the ever-present smile that masked his financial struggles, made him who he was. There was only one Mohanan, and there will always be only one Mohanan.
Dennis
Former Hindu Reporter
മൂന്ന് പതിറ്റാണ്ടുകാലത്തെ സ്നേഹബന്ധമുണ്ട് ഞാനും മോഹനനും തമ്മിൽ. കൈകൾ കൊണ്ടല്ല, ഹൃദയം കൊണ്ട് ചിത്രങ്ങൾ പകർത്തുന്ന അപൂർവം മനുഷ്യരിലൊരാളാണ് മോഹനൻ എന്നെനിക്ക് തോന്നിയിട്ടുണ്ട്. ഒരേയിടത്തുണ്ടെങ്കിൽ പരസ്പരം കാണാൻ ശ്രമിക്കുന്ന, വിശേഷങ്ങൾ പങ്കുവെയ്ക്കുന്ന ഒരു സൗഹൃദമുണ്ടായിരുന്നു ഞങ്ങൾ തമ്മിൽ.
96 ൽ ആലപ്പുഴയിൽ ഞാനെത്തിയ കാലത്ത് പ്രതിച്ഛായ സ്റ്റുഡിയോയിലായിരുന്നു മോഹനന്റെ ജോലി. അന്ന് മുതൽക്കാണ് ഈ പരിചയം തുടങ്ങുന്നത്. ആലപ്പുഴയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനെത്തുന്ന ആ കാലത്തെ എല്ലാ രാഷ്ട്രീയ, സാമൂഹിക ഇടപെടലുകളിലെയും എന്റെ സാന്നിധ്യം ഫോട്ടോ രൂപത്തിൽ പുറംലോകം കണ്ടിരുന്നത് മോഹനന്റെ ക്യാമറയിൽക്കൂടിയായിരുന്നു. ഫോട്ടോഗ്രാഫി എന്നാൽ മോഹനന്റെ ജീവിതം കൂടിയായിരുന്നു. ഒരിക്കലും പണമോ മറ്റ് അംഗീകാരങ്ങളോ നോക്കാതെ, ഫോട്ടോഗ്രാഫി എന്ന തൊഴിലിനോടുള്ള അദ്ദേഹത്തിന്റെ ആത്മാർത്ഥത കൂടുകയല്ലാതെ, കുറയുന്നതായി ഞാൻ കണ്ടിട്ടില്ല. കോൺഗ്രസ്സിന്റെ എല്ലാ പരിപാടികളും കവർ ചെയ്യാൻ മോഹനൻ ഉണ്ടാകുമായിരുന്നു. ആലപ്പുഴയെത്തുമ്പോൾ മോഹനനെ കാണാതിരുന്നിട്ടില്ല, എന്നെ കാണാൻ മോഹനനും മറക്കാറില്ല. അദ്ദേഹത്തിന്റെ മകന്റെ വിവാഹമടക്കം എല്ലാ സന്ദർഭങ്ങളിലും പങ്കെടുക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്.
എന്നോട് മാത്രമല്ല, സൗമ്യമായ പെരുമാറ്റം കൊണ്ട് എല്ലാവരോടും നല്ല സൗഹൃദം സൂക്ഷിച്ച മാധ്യമപ്രവർത്തകമായിരുന്നു മോഹനൻ. ദീപിക ദിനപത്രത്തിലെ ഫോട്ടോ ജേണലിസ്റ്റ് മോഹനൻ പരമേശ്വരൻ എന്ന് പുതുതലമുറ അറിയും മുൻപേ ഞങ്ങളുടെയൊക്കെ മനസ്സിൽ മോഹനൻ ചിത്രങ്ങൾ പകർത്തുന്നുണ്ടായി. വാർത്തകളെ കൂടുതൽ ആധികാരിതയോടെ സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിന് മോഹനന്റെ ചിത്രങ്ങൾക്ക് കഴിഞ്ഞിരുന്നു. കർമ്മപഥത്തിൽ അദ്ദേഹം പുലർത്തിയ സത്യസന്ധതയും സമർപ്പണ മനോഭാവവും മാധ്യമരംഗത്തിനൊരു മാതൃകയുമാണ്.
ഇക്കഴിഞ്ഞ ദിവസം എഐസിസിയുടെ സിഗ്നേച്ചർ ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടന ചടങ്ങിലും എന്റെ കൂടെ ആലപ്പുഴയിൽ ഉണ്ടായിരുന്നയാളാണ് മോഹനൻ. അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായി ആശുപത്രിയിലാണെന്ന് അറിഞ്ഞപ്പോൾ തന്നെ വേണ്ട കാര്യങ്ങൾ ചെയ്യാൻ ഓഫീസിനെ ഞാൻ ചുമതലപ്പെടുത്തിയിരുന്നു. പക്ഷേ, ഇത്ര വേഗമൊരു വിയോഗം പ്രതീക്ഷിച്ചില്ല. ഒരു മാധ്യമപ്രവർത്തകൻ എന്നതിലുപരി, ആത്മബന്ധമുണ്ടായിരുന്ന ഒരു സുഹൃത്തിനെക്കൂടിയാണ് എനിക്ക് നഷ്ടപ്പെടുന്നത്. ഈ വേദനയിൽ ഉറ്റവർക്കും സഹപ്രവർത്തകർക്കും ഒപ്പം ചേരുന്നു. പ്രിയപ്പെട്ട മോഹനന്, ആദരാഞ്ജലികൾ.
കെ സി വേണുഗോപാൽ എം പി
[ഫേസ്ബുക്കിൽ കുറിച്ചത്]